അട്ടപ്പാടി ഇരട്ടക്കൊലയിൽ നിർണായക വിവരങ്ങൾ പുറത്ത്…

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമബംഗാൾ സ്വദേശിയായ പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തോട്ടത്തിൽ താമസിച്ചിരുന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ചോദ്യം ചെയ്യലിൽ പ്രതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പശ്ചിമബംഗാൾ സ്വദേശിയായ 30കാരി പ്രണിത രാജും ഇവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട യുവതിയും പശ്ചിമബംഗാളിലെ അലിപൂർദ്വാർ സ്വദേശികളാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പ്രണിത തന്റെ ഭാര്യയല്ലെന്നും കൊല്ലപ്പെട്ട കുഞ്ഞ് തന്റെ കുട്ടിയല്ലെന്നും പ്രതി ഇന്നലെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.



