‘ഇത് വ്യത്യസ്തമായ കേസ്’… ഇഡി കത്ത് പരിശോധിച്ച് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി അയച്ച കത്തിൽ നിയമപരമായ പരിശോധനകൾ നടത്തിയ ശേഷം സംസ്ഥാന സർക്കാർ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങാറുണ്ടെങ്കിലും മാസപ്പടി കേസ് അതിൽ നിന്ന് വ്യത്യസ്തമാണെന്ന് സതീശൻ പറഞ്ഞു.
ഇഡി അയച്ചിരിക്കുന്ന കത്തിലെ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചശേഷം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും തീരുമാനം. മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുപറയുന്നതിന് പരിമിതിയുണ്ടെന്നും വിഷയം നിലവിൽ നിയമപരിശോധനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ന്യായീകരിക്കലാണ് സിപിഐഎമ്മിന്റെ പ്രധാന ജോലിയെന്നും പാർട്ടിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വലിയ പ്രതിരോധത്തിലാണെന്നും സതീശൻ ആരോപിച്ചു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അന്വേഷണവുമായി പൂർണമായി സഹകരിച്ചുവെന്നും സതീശൻ പറഞ്ഞു. അന്വേഷണത്തിനിടെ ഇഡിയുടെ വാഹനങ്ങൾ പ്രവർത്തകർ തല്ലിത്തകർത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം വിമർശിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴും ഇരുവരും അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.



