കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി…

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ സുരക്ഷയും പെരുമാറ്റവും മെച്ചപ്പെടുത്താൻ കർശന നടപടികളുമായി കൊച്ചി സിറ്റി പൊലീസ്. ബസ് ജീവനക്കാരുടെ ഫോട്ടോകൾ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. പരിശോധന പൂർത്തിയാക്കുന്ന ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും. കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പശ്ചാത്തല പരിശോധന നിർബന്ധമാക്കും.

പാട്ടത്തിന് എടുത്ത ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഇനി മുതൽ ബസ് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമായിരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. നാല് ദിവസത്തിന് ശേഷം കൊച്ചിയിൽ പ്രത്യേക പരിശോധനാ ഡ്രൈവും ആരംഭിക്കും. ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ബസ് ടെർമിനലുകളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തും.

സമയക്രമം പാലിക്കാനെന്ന പേരിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരായ പരാതികൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കുന്നത്.

Related Articles

Back to top button