മാസപ്പടി കേസിൽ നിർണായക നീക്കം… പിണറായി വിജയനെതിരെ…

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന ഡിജിപിക്ക് കത്തയച്ചു. മുഹമ്മദ് റിയാസിനും വീണ ടി.ക്കും എതിരെ കേസെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ മാസപ്പടി കേസിൽ തുടർനടപടികളിലേക്ക് കടക്കാൻ കഴിയുമെന്നാണ് ഇഡിയുടെ നിലപാട്. ഇഡി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയതെന്നാണ് വിവരം. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി മെയ് മാസത്തിലാണ് അന്വേഷണം ശക്തമാക്കിയത്. തുടർന്ന് പിണറായി വിജയനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം പരിശോധനകൾ നടന്നു. വീണ ടി.യെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സി.എം.ആർ.എൽ എക്സാലോജിക്കിന് 2.78 കോടി രൂപ നൽകിയതും അതിന് പകരമായി ആവശ്യമായ സേവനങ്ങൾ ലഭിച്ചിരുന്നോയെന്നതുമാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്.

സി.എം.ആർ.എല്ലിന്റെ മുൻ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. സേവനങ്ങൾ ലഭിക്കാതെയാണ് എക്സാലോജിക്കിന് പണം നൽകിയതെന്നാണ് ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വീണയുടെ കൈയെഴുത്ത് രേഖകളിൽ നിന്ന് കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ദുബായിലേക്കുള്ള പണമിടപാടുകളുടെ സൂചനകളും ലഭിച്ചതായി ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. റിയാസുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വസതികളിലും പരിശോധനകൾ നടന്നിരുന്നു. ഇഡിയുടെ പുതിയ നീക്കത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഇനി നിർണായകമാകും.

Related Articles

Back to top button