മോർഫ് ചെയ്ത ചിത്രങ്ങൾ മാത്രമല്ല, യഥാർഥ ദൃശ്യങ്ങളും… ടെലഗ്രാം ഗ്രൂപ്പ് അംഗങ്ങളിലേക്ക്…

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ ഐ.എച്ച്.ആർ.ഡി കോളേജിലെ ബി.കോം വിദ്യാർഥിയുമായ സനീഷ് (20) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ എസ്. ശ്രീഹരിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സനീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ശ്രീഹരി അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അഞ്ചംഗ ടെലഗ്രാം ഗ്രൂപ്പിൽ പങ്കുവെച്ചതിന് പിന്നാലെ സനീഷ് ഇവ മറ്റ് ഗ്രൂപ്പുകളിലേക്കും പണം നൽകി അംഗങ്ങളാകുന്ന സ്വകാര്യ ‘പെയ്ഡ്’ ഗ്രൂപ്പുകളിലേക്കും കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്ന് പണം ഈടാക്കിയതിന്റെ തെളിവുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു. സനീഷ് ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായി പ്രവർത്തിച്ചിരുന്നതായും പണമിടപാടുകളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. വലിയ ടെലഗ്രാം ഗ്രൂപ്പുകളിൽ നിന്ന് താൽപര്യമുള്ളവരെ കണ്ടെത്തി പ്രത്യേക സ്വകാര്യ ഗ്രൂപ്പുകളിലേക്ക് എത്തിച്ചാണ് ഉള്ളടക്കം കൈമാറിയിരുന്നതെന്നാണ് കണ്ടെത്തൽ.
മോർഫ് ചെയ്ത ചിത്രങ്ങൾക്ക് പുറമെ സ്ത്രീകളുടെ അനുമതിയില്ലാതെ പകർത്തിയ യഥാർഥ ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ അന്വേഷണത്തിൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും ഭാരതമാതാ കോളേജിലെ രണ്ട് അധ്യാപികമാരുടേതുൾപ്പെടെയുള്ള ചിത്രങ്ങളാണ് മോർഫ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശ്രീഹരിയുടെയും സനീഷിന്റെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിലീറ്റ് ചെയ്ത ഫയലുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വീണ്ടെടുത്ത് ചിത്രങ്ങളുടെ ഉറവിടവും അവ പ്രചരിച്ച ശൃംഖലയും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കേസുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പ് നിലവിൽ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ അവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ശ്രീഹരിയെ ഹോസ്റ്റലിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്താനും ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശദമായി പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലെ മറ്റ് അംഗങ്ങളെയും വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്നവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.



