അട്ടപ്പാടിയിൽ ഭാര്യയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളി… പ്രതി…

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പശ്ചിമബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു.
ഏകദേശം 20 ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ആദ്യം ചാക്കുകെട്ടുകൾ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച യുവതിക്കും മകൾക്കും ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മൃതശരീരങ്ങൾ ഉപേക്ഷിച്ച ചാക്കിന്റെ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കായിരുന്നു ഇതെന്ന് കണ്ടെത്തി. ചാക്ക് എവിടെനിന്നെത്തിയെന്നത് പിന്തുടർന്നുള്ള അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരാനുണ്ട്. കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



