ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേക ചികിത്സാ സൗകര്യം….

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ തുടങ്ങിയ പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം.
പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളും മുറികളും ഒരുക്കണം. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള വിവിധ ചികിത്സകൾക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കൂടുതൽ സൗഹൃദപരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം. വിഷയത്തിൽ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.



