ജനവികാരത്തിന് എതിരായ തീരുമാനം വന്നാൽ പ്രതികരിക്കും… പിഎം ശ്രീയിൽ സർക്കാരിന്….

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്നത് തന്നെയാണ് യൂത്ത് ലീഗിന്റെ നിലപാടെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. അന്ന് പദ്ധതിയെ ഏറ്റവും ശക്തമായി എതിർത്തത് യൂത്ത് ലീഗായിരുന്നുവെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്നാണ് ആഗ്രഹിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഉപസമിതി രൂപീകരിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ അപ്പോൾ യൂത്ത് ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാൻ യൂത്ത് ലീഗ് ഉണ്ടാകും. സർക്കാർ ജനങ്ങൾക്കൊപ്പമല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങൾ ഓർമിപ്പിച്ചു. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ പുതിയ നീക്കത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ട് ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചേക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കോൺഗ്രസിൽ നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചിരുന്നു. പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും സ്കൂളുകളുടെ പട്ടിക ഉൾപ്പെടെയുള്ള വിവരങ്ങൾ തയ്യാറാക്കി നൽകണമെന്നുമായിരുന്നു നിർദേശം.
ഇതിന്റെ തുടർച്ചയായാണ് യുഡിഎഫ് ഉപസമിതി രൂപീകരിച്ചത്. എന്നാൽ ഉപസമിതി ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ലെങ്കിൽ കുടിശ്ശികയായ 1500 കോടി രൂപയുടെ എസ്എസ്കെ ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. റൈറ്റ് ടു എഡ്യൂക്കേഷൻ വിഭാഗത്തിൽപ്പെടുന്ന ഫണ്ട് മാത്രമായിരിക്കും ലഭിക്കുക. കേന്ദ്രത്തിന്റെ പുതിയ കത്ത് കൂടി വന്നാൽ ഫണ്ട് വേണമോ രാഷ്ട്രീയ നിലപാട് വേണമോ എന്നതിൽ സർക്കാർ തീരുമാനമെടുക്കാൻ നിർബന്ധിതമാകും. പിഎം ശ്രീ വിഷയത്തിൽ ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. പദ്ധതി നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിച്ചിരുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്.



