മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റം… ‘മെന്റൽ ഹെൽത്ത്’ ഒഴിവാക്കുന്നതിനെതിരെ….

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനസ് ആൻഡ് വെൽനസ് സെന്റർ’ എന്നാക്കി മാറ്റുമെന്ന ആരോഗ്യവകുപ്പ് പ്രഖ്യാപനത്തിനെതിരെ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ പ്രതിഷേധവും ആശങ്കയും ശക്തമാകുന്നു. മുൻപ് ‘ഭ്രാന്താശുപത്രി’ എന്ന് വിളിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ‘മാനസികാരോഗ്യ കേന്ദ്രം’ എന്ന് പുനർനാമകരണം ചെയ്തത്. എന്നാൽ പുതിയ പേരുമാറ്റ പ്രഖ്യാപനത്തോട് യോജിക്കാനാകില്ലെന്നാണ് സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സംഘടനയുടെ നിലപാട്.
‘മെന്റൽ ഹെൽത്ത്’, ‘സൈക്യാട്രി’ എന്നീ പദങ്ങൾ സ്ഥാപനങ്ങളുടെ പേരിൽ നിന്ന് ഒഴിവാക്കുന്നത് നിയമപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് മനഃശാസ്ത്ര വിദഗ്ധൻ ഡോ. ടി. സാഗർ ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലവിലുള്ള മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 അനുശാസിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരമായി നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റം സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ‘റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആൻഡ് വെൽനസ്’ അല്ലെങ്കിൽ ‘റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനസ്’ എന്ന പേരുകൾ പരിഗണിക്കാമെന്നും ഡോ. സാഗർ നിർദേശിച്ചു. സർക്കാർ നിർദേശിച്ച ‘ഹാപ്പിനസ് ആൻഡ് വെൽനസ് സെന്ററുകൾ’ നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് അധികമായി ആരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദിഷ്ട പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗവും ഇന്ത്യൻ സൈക്യാട്രി കേരള ഘടകം അംഗവുമായ ഡോ. എൽ.സി. ഉമ്മനും പ്രതികരിച്ചു. സൈക്യാട്രി വൈദ്യശാസ്ത്രത്തിലെ പ്രധാന ശാഖയാണെന്നും ‘മെന്റൽ ഹെൽത്ത്’ ആഗോളതലത്തിൽ മാനസികാരോഗ്യത്തെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പദമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദങ്ങൾക്ക് സാമൂഹിക വിവേചനത്തിന്റെ അർഥം കൽപ്പിക്കേണ്ടതില്ലെന്നും ഉന്നത പഠനങ്ങളും പോസ്റ്റ് ഗ്രാജുവേഷൻ ഉൾപ്പെടെയുള്ള പരിശീലനങ്ങളും നടക്കുന്ന സ്ഥാപനങ്ങൾക്ക് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി’ എന്ന പേര് നൽകുന്നതാണ് കൂടുതൽ അനുയോജ്യമെന്നും ഡോ. ഉമ്മൻ നിർദേശിച്ചു. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളാണ് നിലവിൽ കേരളത്തിലുള്ളത്.



