‘രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടത്’… തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് നേതാവ്

തൃശ്ശൂർ: കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് സർക്കാരിനും കെപിസിസി നേതൃത്വത്തിനുമെതിരെ തുറന്ന കത്തുമായി രംഗത്ത്. രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടതെന്ന് ഓർമിപ്പിച്ചാണ് സുജിത്തിന്റെ കത്ത്. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഒരു വർഷം തികയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുറന്ന കത്ത്. ‘ഭയപ്പെടേണ്ട, ഞങ്ങൾ കൂടെയുണ്ട്’ എന്ന് പറഞ്ഞവർ വാക്ക് പാലിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു.

രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തും അദ്ദേഹത്തെ നിയമപോരാട്ടത്തിൽ പിന്തുണച്ച കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരും ചേർന്ന് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനും സുജിത്തിനെ നേരിൽ കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതേ സർക്കാർ അധികാരത്തിലെത്തിയിട്ടും അന്വേഷണം കാര്യമായ പുരോഗതിയിലെത്തിയില്ലെന്നാണ് സുജിത്തിന്റെയും വർഗീസ് ചൊവ്വന്നൂരിന്റെയും ആരോപണം. അതേസമയം, അന്വേഷണം നടക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്നും സുജിത്തിനൊപ്പം പാർട്ടിയും സർക്കാരും ഉണ്ടെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. തൃശ്ശൂർ ഡിസിസി നേതൃത്വവും എപ്പോഴും സുജിത്തിനൊപ്പമാണെന്ന നിലപാട് വ്യക്തമാക്കി. മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് സുജിത്തും വർഗീസ് ചൊവ്വന്നൂരും വ്യക്തമാക്കുന്നത്.

Related Articles

Back to top button