‘റെക്കോർഡ് ബുക്ക് കൊണ്ടുവന്നില്ല’… പ്ലസ് ടു വിദ്യാർഥിനിയെ ക്ലാസ് കഴിഞ്ഞും…

കൊച്ചി: റെക്കോർഡ് ബുക്ക് കൊണ്ടുവരാത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി. ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിനെതിരെയാണ് വിദ്യാർഥിനിയും കുടുംബവും പരാതി ഉന്നയിച്ചത്. നാലരയോടെ ക്ലാസ് കഴിഞ്ഞിട്ടും വൈകിട്ട് ആറുമണി വരെ വിദ്യാർഥിനിയെ സ്കൂളിൽ പിടിച്ചുനിർത്തിയെന്നാണ് പരാതി. സംഭവത്തെ ചോദ്യം ചെയ്യാൻ സ്കൂളിലെത്തിയ പിതാവിനോട് മാനേജ്മെന്റ് മോശമായി പെരുമാറിയെന്നും വിദ്യാർഥിനി ആരോപിച്ചു.
രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ നടപടി ചോദ്യം ചെയ്തതിന് പിന്നാലെ ടി.സി നൽകുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അവധിയെടുക്കുമ്പോൾ അധ്യാപകർ പരിഹസിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥിനി പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിനി ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് പ്രതികരിച്ചു. നിലവിലുള്ള പ്രശ്നങ്ങൾ കുട്ടിയുടെ തുടർപഠനത്തെ ബാധിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുള്ള കാര്യം അധ്യാപകർക്ക് അറിയില്ലായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്റ് പറഞ്ഞു. വിദ്യാർഥിനിയുടെ രക്ഷിതാവ് അധ്യാപികയോട് മോശമായി പെരുമാറിയെന്നും ഇതുസംബന്ധിച്ച് അധ്യാപിക രക്ഷിതാവിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.



