8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിനായി പ്രതി രണ്ടിലധികം വിവാഹം ചെയ്തിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുഞ്ഞിന്റെ പിതാവും പൊന്നാനി കോക്കൂർ സ്വദേശിയുമായ ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ടെന്നാണ് റവന്യൂ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. ഫാറൂഖിന്റെ രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് 1.78 കിലോ സ്വർണവുമായി ഡിആർഐ പിടികൂടിയിരുന്നു. ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന സ്വർണമാണ് യുവതി നാപ്കിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയത് ഭർത്താവാണെന്ന് 28കാരിയായ യുവതി ഡിആർഐക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച റവന്യൂ ഇന്റലിജൻസ് വിഭാഗം ഇയാളെ കരിപ്പൂരിൽ പിടികൂടുകയായിരുന്നു. റാസൽഖൈമയിൽ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളുമായാണ് 34കാരനായ ഫാറൂഖ് കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിലും ഫാറൂഖിന്റെ ശരീരത്തിന്റെ രഹസ്യഭാഗത്തും ഒളിപ്പിച്ച നിലയിലാണ് ഏകദേശം ഒരു കോടി രൂപ വിലവരുന്ന സ്വർണം കണ്ടെത്തിയത്. ഫാറൂഖും രണ്ടാമത്തെ ഭാര്യയും ചേർന്ന് ഇതുവരെ ഏകദേശം മൂന്ന് കോടി രൂപയുടെ സ്വർണം കടത്തിയെന്നാണ് റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ വിവരം. സ്വർണത്തിന്റെ ഉറവിടം, കടത്തിന് പിന്നിലെ ശൃംഖല എന്നിവ കണ്ടെത്തുന്നതിനുള്ള ഡിആർഐ അന്വേഷണം തുടരുകയാണ്.



