കേരളത്തിലെ ലഹരി ശൃംഖലയുടെ ‘ബോസ്’… വരുൺ ദേവിന്റെ ഞെട്ടിക്കുന്ന ഇടപാടുകൾ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ രാസലഹരി കടത്ത് കേസിൽ മുഖ്യപ്രതി വരുൺ ദേവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടുകാർക്കിടയിൽ ‘ബോസ്’ എന്നറിയപ്പെടുന്ന വരുൺ ദേവ് ഇന്ത്യ–പാകിസ്താൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വരെ നേരിട്ടെത്തി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയെന്നാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. ഒരാഴ്ച മുമ്പ് കൊച്ചിയിൽ 280 ഗ്രാം എംഡിഎംഎയുമായി ഫിനല ഉൾപ്പെടെ നാല് പേരെയാണ് എക്സൈസ് പിടികൂടിയത്. ഫിനലയ്ക്കൊപ്പം വരുൺ ദേവ്, സിദ്ധിഖ്, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ പ്രധാന സൂത്രധാരനാണ് വരുൺ ദേവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വരുൺ ദേവിന്റെ ലഹരിക്കടത്ത് രീതി കൃത്യമായി ആസൂത്രണം ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ട്രെയിൻ മാർഗം ഡൽഹി, ചണ്ഡീഗഡ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ഇയാൾ അവിടെയുള്ള ലഹരി ഇടപാടുകാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഡീലുകൾ ഉറപ്പിച്ചിരുന്നതായാണ് വിവരം. ഇടപാട് ഉറപ്പിച്ച ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വരുൺ, പിന്നീട് സ്വന്തം കാറിൽ ‘സോളോ ട്രിപ്പ്’ പോകുന്നതായി വരുത്തിത്തീർത്ത് വീണ്ടും ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അവിടെനിന്ന് വൻതോതിൽ രാസലഹരി വാങ്ങി കാറിൽ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു പതിവെന്നും എക്സൈസ് പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് തവണ ഇത്തരത്തിൽ യാത്ര നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആറ് യാത്രകളിലായി 35 കിലോയിലേറെ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയതായാണ് നിലവിലെ വിവരം. ലഹരി വിൽപ്പനയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ച ഇയാൾ ആഡംബര ജീവിതത്തിനായി പണം ചെലവഴിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു.

ലഹരി ശേഖരണത്തിനായി വരുൺ ദേവ് രാജസ്ഥാനിലെ ഇന്ത്യ–പാകിസ്താൻ അതിർത്തിയോട് ചേർന്ന ചില പ്രദേശങ്ങളിൽ വരെ എത്തിയിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പൂട്ടിക്കിടക്കുന്ന ചില ഫാർമസ്യൂട്ടിക്കൽ കമ്പനികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇവിടങ്ങളിൽ നിന്നാണോ രാസലഹരി ശേഖരിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് പരിശോധിക്കുന്നത്. പ്രതികൾ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് രാസലഹരി കേസുമായി ബന്ധപ്പെട്ട് കെവിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വരുൺ ദേവിനെ എക്സൈസ് പിടികൂടുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കെവിന്റേതാണെന്നാണ് വരുൺ നൽകിയ മൊഴി. ഫോണിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വരുൺ ദേവിന് ചില രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന സൂചനകളും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവവും അന്തർസംസ്ഥാന ബന്ധങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് എക്സൈസ് 11 അംഗ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്. ലഹരിക്കടത്തിന്റെ ഉറവിടം, പണം കൈമാറ്റം, അന്തർസംസ്ഥാന ബന്ധങ്ങൾ എന്നിവയടക്കം വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം.

Related Articles

Back to top button