അനിശ്ചിതത്വം തുടരുന്നു; SSK ഫണ്ടിലും ആശങ്ക

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ PM SHRI പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തീരുമാനം ഇനിയും അനിശ്ചിതത്വത്തിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിലാണ് ഇപ്പോഴും അന്തിമ തീരുമാനമാകാത്തത്. ഓണം കഴിഞ്ഞാലുടൻ ഉപസമിതി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വ്യക്തമാക്കി. ഓണം കഴിഞ്ഞതേയുള്ളൂവെന്നും ഉപസമിതിയുടെ റിപ്പോർട്ട് നിലവിൽ പണിപ്പുരയിലാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, തീരുമാനത്തിന് മുന്നിൽ സമയപരിധിയും വലിയ വെല്ലുവിളിയാകുകയാണ്. 2027 മാർച്ച് 31-ന് PM SHRI പദ്ധതിയുടെ കാലാവധി അവസാനിക്കും. അതിനുശേഷം പദ്ധതി നീട്ടാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ കേരളത്തിന് പദ്ധതിയിൽ നിന്ന് പൂർണമായും പുറത്താകേണ്ടിവരും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് ഉൾപ്പെടെയുള്ള കേന്ദ്ര വിഹിതത്തിലും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കേരളം PM SHRI പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ തന്നെ ശേഷിക്കുന്ന സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക വലിയ വെല്ലുവിളിയായിരിക്കും. ഒരു ബി.ആർ.സിക്ക് (Block Resource Centre) കീഴിലുള്ള രണ്ട് സ്കൂളുകൾക്കാണ് പദ്ധതിയിൽ ഉൾപ്പെടാൻ അർഹത. യോഗ്യരായ സ്കൂളുകൾ PM SHRI പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അപേക്ഷകൾക്കായി പോർട്ടൽ തുറക്കുന്നത്.
പദ്ധതിയുടെ അവസാന വർഷമായതിനാൽ ഇനി പോർട്ടൽ എപ്പോൾ തുറക്കുമെന്നതിലും വ്യക്തതയില്ല. അപേക്ഷ ലഭിച്ചശേഷം ഉദ്യോഗസ്ഥ സമിതിയുടെ പരിശോധനകൾ പൂർത്തിയാക്കണം. തുടർന്ന് ഓരോ ബി.ആർ.സിക്ക് കീഴിലും അർഹതയുള്ള രണ്ട് സ്കൂളുകളെ തിരഞ്ഞെടുക്കുന്ന നടപടിയും പൂർത്തിയാക്കേണ്ടതുണ്ട്. ഇത്രയും ഔദ്യോഗിക നടപടികൾ ബാക്കിനിൽക്കെയാണ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടും അന്തിമ തീരുമാനമില്ലാതെ നീളുന്നത്. സമയപരിധി അടുത്തുവരുന്നതിനിടെ കേരളം PM SHRIയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം.



