24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം… പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പദ്ധതിക്കെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഉയർത്തുന്ന ആശങ്കകളിലാണ് മന്ത്രിയുടെ പ്രതികരണം. കെജിഎംഒഎയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് തന്നെ അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയെ കാണണമെന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകളെക്കുറിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും മന്ത്രിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ കാര്യങ്ങൾ അറിയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടതെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ആവർത്തിച്ചു. ആവശ്യങ്ങൾ എന്താണെന്ന് അറിയിച്ചാൽ അതനുസരിച്ച് നടപടിയെടുക്കുമെന്നും ഇതിനകം തന്നെ ഏകദേശം 140 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി. മന്ത്രിയെ കാണണമെങ്കിൽ സംഘടനാ പ്രതിനിധികൾക്ക് നേരിട്ട് എത്താമെന്നും, അല്ലാതെ ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആവശ്യമായ മാനവവിഭവശേഷിയില്ലാതെ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കെജിഎംഒഎയുടെ നിലപാട്. അധിക തസ്തികകൾ സൃഷ്ടിക്കുകയും നിലവിലുള്ള ഡോക്ടർ ഒഴിവുകൾ നികത്തുകയും ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും ഒരു ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ആരംഭിച്ച് പിന്നീട് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം.



