മലിനീകരണം കൂടിയാൽ ബൈക്ക് ‘ലിംപ് ഹോം’ മോഡിലേക്ക്…

ഇരുചക്ര വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ കർശന നടപടിയുമായി കേന്ദ്രം. അനുവദനീയമായ പരിധിക്ക് മുകളിൽ മലിനീകരണം ഉയർന്നാൽ ഇരുചക്ര വാഹനങ്ങളെ ‘ലിംപ്-ഹോം മോഡിലേക്ക്’ മാറ്റുന്ന സംവിധാനം നടപ്പാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതോടെ വാഹനത്തിന്റെ വേഗമോ കരുത്തോ നിയന്ത്രിക്കപ്പെടുകയും സാധാരണ രീതിയിൽ വാഹനം ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും ഇരുചക്ര വാഹന നിർമാതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. ബി.എസ്.-6 രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾ പ്രകാരം നിശ്ചയിച്ച പരിധിക്ക് മുകളിൽ മലിനീകരണം ഉയർന്നാൽ വാഹനം നിയന്ത്രിത മോഡിലേക്ക് മാറ്റാനാണ് നീക്കം. വാഹനത്തിലെ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (OBD) സംവിധാനമായിരിക്കും മലിനീകരണ നിയന്ത്രണ ഘടകങ്ങളിലെ തകരാറുകൾ കണ്ടെത്തുക. മലിനീകരണ തോത് അനുവദനീയമായ പരിധി കടന്നാൽ റൈഡർക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്ന് വാഹനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നതാണ് നിർദേശിക്കുന്ന സംവിധാനം. നിലവിലെ OBD-II ചട്ടക്കൂടിലും മലിനീകരണവുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ‘ലിംപ്-ഹോം’ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന വ്യവസ്ഥകളുണ്ട്. മലിനീകരണം പരിധി കടന്നാൽ വാഹനം പൂർണമായി നിർത്തുമോ, വേഗം കുറയ്ക്കുമോ, കരുത്ത് പരിമിതപ്പെടുത്തുമോ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. വാഹനത്തെ വർക്ക്ഷോപ്പിലെത്തിക്കാൻ കഴിയുന്ന തരത്തിൽ നിയന്ത്രിത വേഗത്തിൽ മാത്രം ഓടിക്കാൻ അനുവദിക്കുന്ന രീതിയിലാകാനാണ് സാധ്യത.
അതേസമയം, പുതിയ ‘ഫോഴ്സ് റിപ്പയർ’ സംവിധാനം ബി.എസ്.-7 മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ മാത്രം നടപ്പാക്കിയാൽ മതിയെന്നാണ് വാഹന നിർമാതാക്കളുടെ സംഘടനയായ സിയാമിന്റെ നിലപാട്. സംവിധാനം നടപ്പാക്കാൻ വാഹനങ്ങളിൽ വലിയ തോതിലുള്ള സാങ്കേതിക നവീകരണം ആവശ്യമായി വരുമെന്നാണ് നിർമാതാക്കളുടെ വാദം. എന്നാൽ ഇത് ബി.എസ്.-7 വരെ നീട്ടിവയ്ക്കാനാകില്ലെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട്. ബി.എസ്.-6 OBD-II ചട്ടക്കൂടിന്റെ ഭാഗമായാണ് സംവിധാനം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ രൂപവും നടപ്പാക്കൽ രീതിയും തീരുമാനിക്കാനായി കൂടുതൽ ചർച്ചകൾ നടക്കും. നിലവിൽ രാജ്യത്ത് ബി.എസ്.-6 മലിനീകരണ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. 2027 മുതൽ ബി.എസ്.-7 മാനദണ്ഡങ്ങളിലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കർശനമായ മലിനീകരണ നിയന്ത്രണവും തത്സമയ നിരീക്ഷണ സംവിധാനങ്ങളും പുതിയ മാനദണ്ഡങ്ങളുടെ ഭാഗമായി വരുമെന്നാണ് വിലയിരുത്തൽ.



