പിണറായി പറഞ്ഞത് തെറ്റായ വിശദീകരണം… സിപിഎമ്മിനെതിരെ വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നൽകിയ വിശദീകരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ. അണികൾക്കും ജനങ്ങൾക്കുമുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് പരാജയത്തിന് കാരണമെന്ന പിണറായി വിജയന്റെ നിലപാടിനെ കുഞ്ഞികൃഷ്ണൻ ശക്തമായി ചോദ്യം ചെയ്തു.

പാർട്ടി നയം വിശദീകരിക്കാൻ പിണറായി വിജയൻ എത്തുമ്പോൾ വീണാ വിജയനെയും മുൻ മുഖ്യമന്ത്രിയെയും ഉൾപ്പെടുത്തി ഉയർന്ന മാസപ്പടി വിവാദമടക്കമുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാനോ സൂചിപ്പിക്കാനോ പിണറായി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. തെറ്റ് തിരുത്താനുള്ള ശ്രമത്തിന് പകരം ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനമെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും പിണറായി നടത്തിയ പ്രസംഗം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന വാദവും കുഞ്ഞികൃഷ്ണൻ തള്ളി. തന്റെ പുസ്തകത്തിന്റെ പ്രകാശനം ജനുവരി നാലിനും തിരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിനുമായിരുന്നു. ഇതിനിടയിൽ ഉണ്ടായിരുന്ന ദീർഘമായ കാലയളവിൽ ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റാൻ പാർട്ടിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിൽ പുതിയ സംഘടനാ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ അഞ്ചാറ് വർഷമായി താൻ പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും നേതാക്കൾ ആവർത്തിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ തന്നെ സിപിഎമ്മിനെതിരെ അസംതൃപ്തിയുണ്ടെന്നും ഇത് പയ്യന്നൂരിൽ മാത്രമല്ല, കേരളത്തിലാകെ വളർന്നുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന പയ്യന്നൂർ മണ്ഡലത്തിൽ എതിർ സ്ഥാനാർഥി ഏകദേശം 7,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ചെറിയ കാര്യമല്ലെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. താൻ ഒറ്റയ്ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പാർട്ടി പറയുന്നതെങ്കിൽ, ഇത്രയും കാലം അവർ എന്ത് തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്ന ചോദ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പരിഹാസ്യമായ രീതിയിലുള്ള പ്രചാരണമാണ് സിപിഎം നടത്തുന്നതെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

തനിക്കെതിരെ എതിരാളികളുമായി നേരത്തെ ധാരണയുണ്ടാക്കിയെന്ന പിണറായി വിജയന്റെ ആരോപണവും കുഞ്ഞികൃഷ്ണൻ നിഷേധിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതുവരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ചയോ ധാരണയോ നടത്തിയിട്ടില്ലെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷവും ആരെയും കാണാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിനെ മത്സരിച്ച സ്ഥാനാർഥി എന്ന നിലയിൽ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും മുൻകൂട്ടി ഏതെങ്കിലും പാർട്ടിയുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ സിപിഎം അത് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും കുഞ്ഞികൃഷ്ണൻ വെല്ലുവിളിച്ചു. കേസ് വന്നാൽ നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിന്റെ നിയമനടപടി സംബന്ധിച്ച വെല്ലുവിളിയിൽ ഭയമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. നിലവിൽ തനിക്കെതിരെ യാതൊരു കേസുമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി പോലും കോടതി ഇതുവരെ ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും ഇക്കാര്യം തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button