750 കിലോ പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി; 8 വയസുകാരന് ദാരുണാന്ത്യം

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ അബദ്ധത്തിൽ പിച്ച് റോളറിന്റെ സ്വിച്ച് ഓൺ ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആകാശ് ഉൾപ്പെടെ നാല് കുട്ടികൾ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശിന്റെ മൂത്ത സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളുമാണ് ഒപ്പമുണ്ടായിരുന്നത്.

പിച്ച് റോളറിന്റെ മുകളിൽ കയറി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 750 കിലോ ഭാരമുള്ള റോളർ സ്വിച്ച് ഓണായതോടെ പ്രവർത്തിക്കാൻ തുടങ്ങി. റോളർ നിരീക്ഷിക്കാൻ ആ സമയത്ത് സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോളർ മുന്നോട്ടുനീങ്ങുന്നതിനിടെ ആകാശ് അതിന് മുന്നിലേക്ക് വീഴുകയായിരുന്നു. തുടർന്ന് റോളർ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിന് പിന്നാലെ മറ്റ് മൂന്ന് കുട്ടികളും സ്ഥലത്തുനിന്ന് ഓടി. പിന്നീട് നീൽ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ക്രിക്കറ്റ് അക്കാദമിയിലെത്തിയ ചിലരാണ് റോളറിനടിയിൽപ്പെട്ട നിലയിൽ ആകാശിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button