ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചു… വയോധികനായ യാത്രക്കാരന്….

കണ്ണൂരിൽ ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻ പോയ വയോധിക യാത്രക്കാരന് രക്ഷകനായി ക്ലീനർ. കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെ പത്താംമൈലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബസിലേക്ക് കയറുന്നതിനിടെ യാത്രക്കാരൻ ബാലൻസ് തെറ്റി പുറത്തേക്ക് വീഴാൻ പോവുകയായിരുന്നു. നിമിഷങ്ങൾക്കകം അതുൽ യാത്രക്കാരനെ പിടിച്ചുനിർത്തി അപകടം ഒഴിവാക്കി. മറ്റൊരു യാത്രക്കാരനും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. സംഭവത്തിന്റെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധനേടി. സാമൂഹിക മാധ്യമങ്ങളിലടക്കം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സമയോചിതമായി ഇടപെട്ട് വയോധികന്റെ ജീവൻ രക്ഷിച്ച അതുലിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.



