പാറ്റക്കൂട്ടം വീണ്ടും സമരമുഖത്തേക്ക്..

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) തീരുമാനിച്ചു. സെപ്തംബർ അഞ്ചിന് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നാണ് സി ജെ പിയുടെ പ്രഖ്യാപനം. സമാധാനപരമായിരിക്കും മാർച്ചെന്നും നേതാക്കൾ വ്യക്തമാക്കി. ജൂലൈ 25 ന് യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ സർക്കാരും കേന്ദ്ര ഭരണസഖ്യവും പരാജയപ്പെട്ടുവെന്ന് ഇന്ന് ചേർന്ന സി ജെ പി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് പകരം സർക്കാർ സമയം നീട്ടിക്കൊണ്ടുപോകാനും നിയമപരമായ സാങ്കേതികത്വങ്ങൾക്ക് പിന്നിൽ ഒളിക്കാനുമാണ് ശ്രമിക്കുന്നത്. നീറ്റ് (NEET) പരീക്ഷാ വിഷയത്തിൽ എടുത്ത എഫ് ഐ ആറുകളുടെ വിവരങ്ങൾ കൈമാറാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി ജെ പി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് ജെൻ സി തലമുറയെയും വിദ്യാർഥികളെയും തെരുവിലിറക്കി വീണ്ടും പ്രക്ഷോഭത്തിന് സി ജെ പി ആഹ്വാനം നൽകിയിരിക്കുന്നത്.




