കൊച്ചിക്കെതിരെ തകർപ്പൻ ജയവുമായി തൃശൂർ….

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്പിച്ച് തൃശൂർ ടൈറ്റൻസ്. തോൽവിയുടെ വക്കിൽ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റൻസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
കൗമാരതാരങ്ങളായ കെ.ആർ. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു. മഴയെ തുടർന്ന് ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.



