ഡൽഹി പ്രതിഷേധം: ബിജെപി മുൻ എംഎൽഎയുടെ മകളും പൊലീസ് കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് സ്വീകരിക്കുന്ന നടപടികളിൽ ആശങ്കയറിയിച്ച് യുഎൻ മനുഷ്യാവകാശ സംഘടന. പ്രതിഷേധക്കാരെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുന്നതിലാണ് സംഘടന ആശങ്ക പ്രകടിപ്പിച്ചത്. സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഹനിക്കരുതെന്നും പ്രതിഷേധങ്ങൾക്ക് നേരെ അമിതമായ അധികാരപ്രയോഗം നടത്തരുതെന്നും യുഎൻ ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളാണ് നടക്കേണ്ടതെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉത്തർപ്രദേശിലെ ബിജെപി മുൻ എംഎൽഎ വിക്രം സിങ്ങിന്റെ മകൾ യശസ്വിനിയും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബംഗ്ലാ സാഹിബിലെ പാർക്കിൽ ഇരിക്കുമ്പോഴാണ് യശസ്വിനിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ജൂലൈയിൽ നടന്ന സി.ജെ.പി സമരത്തിലും യശസ്വിനി പങ്കെടുത്തിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നാളെ പ്രത്യേക വാദം കേൾക്കും. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Related Articles

Back to top button