രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളിൽ….

പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് നടത്തിയ പഠനത്തിലാണ് ആർ. ആനന്ദ് ഉൾപ്പെടെ രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളെ തെരഞ്ഞെടുത്തത്. നേതൃത്വപാടവം, ഫലപ്രദമായ ക്രമസമാധാന പരിപാലനം, കുറ്റകൃത്യ നിയന്ത്രണം, പൗരകേന്ദ്രീകൃത പോലീസിംഗ്, പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കൽ, ജനവിശ്വാസം ശക്തിപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പൊലീസ് മേധാവിമാരാണ് പട്ടികയിൽ ഇടം നേടിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന് പുറമെ കോട്ടയം എസ്.പി സാബു മാത്യു ഐപിഎസും കാസർകോട് എസ്.പി വിജയ് ഭാരത് റെഡ്ഡി ഐപിഎസും പട്ടികയിൽ ഉൾപ്പെട്ടു. 2016 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ആർ. ആനന്ദിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പൊലീസ് സംവിധാനത്തിൽ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ജില്ലാ പൊലീസ് ഓഫീസിലും പൊലീസ് സ്റ്റേഷനുകളിലും നടത്തിയ വിവിധ പരിഷ്കാരങ്ങൾക്കും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും പൊതുജനസൗഹൃദ ഓഫീസ് സംവിധാനങ്ങൾ ഒരുക്കിയതിനും ഓഗസ്റ്റിൽ നാല് ISO അംഗീകാരങ്ങളും ലഭിച്ചിരുന്നു.

Related Articles

Back to top button