ഉത്സവാഘോഷത്തിനിടെ ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം… അഞ്ച് പേർക്ക്…

ഭുലേശ്വർ രാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ബൈക്കുള്ളയിൽനിന്ന് ഭുലേശ്വറിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം പന്തലിലേക്ക് എത്തുന്നതിന് 50 മീറ്റർ മാത്രം അകലെവെച്ചാണ് റോഡിലേക്ക് തകർന്നുവീണത്.
വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ മുംബൈ അഗ്നിരക്ഷാസേന, പോലീസ്, ട്രാഫിക് പോലീസ്, 108 ആംബുലൻസ് വിഭാഗം, സിവിക് വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും സങ്കേത് നെവ്ഷെയുടെയും ബ്രിജേഷ് ഹേമന്ത് ജോഷിയുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



