വാഹന മോഡിഫിക്കേഷനിൽ കർശന നടപടി.. ഓരോ നിയമലംഘനത്തിനും…

കൊച്ചി: വാഹനങ്ങളിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷൻ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും ഒന്നിലേറെ നിയമലംഘനങ്ങളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം പിഴ ചുമത്തണമെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്‌പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കണം.
അതി തീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അമിത ശബ്ദവും തീയും ഉണ്ടാകുന്ന തരത്തിലുള്ള പുകക്കുഴലുകളും അപകടസാധ്യത സൃഷ്ടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപ്പിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം.



