അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ… ഹോട്ടലുടമകൾ…

പത്തനംതിട്ട: അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ ഹോട്ടൽ ഉടമകൾ 96,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കുഫേ’യുടെ ഉടമകളിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ആശുപത്രി ചികിത്സയ്ക്കായി ചെലവായ തുക ഉൾപ്പെടെയാണ് 96,500 രൂപ നഷ്ടപരിഹാരം വിധിച്ചത്.
2025 ഒക്ടോബർ 21ന് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിച്ചു. ഭക്ഷണത്തിന് രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇത് ഗൗരവമായി പരിഗണിച്ചില്ലെന്നാണ് പരാതി. 740 രൂപയുടെ ബിൽ ഈടാക്കി ഇരുവരും മടങ്ങി. ബാക്കി വന്ന ഭക്ഷണം പാഴ്സലായി വാങ്ങി മടങ്ങുന്നതിനിടെ റീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമൊണെല്ല അണുബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചതായി പരാതിയിൽ പറയുന്നു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.



