ഓണാഘോഷം കൊഴുപ്പിക്കാൻ ഒഡീഷയിൽ നിന്നെത്തി; യുവതികൾ പിടിയിൽ

ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയിൽനിന്ന് കേരളത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഒഡീഷയിലെ ഗജപതി ജില്ലക്കാരായ മിനി പ്രധാൻ (35), അഫ്രിൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷം മുന്നിൽക്കണ്ടാണ് യുവതികൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ഇരുവരും കഞ്ചാവുമായി ഓട്ടോറിക്ഷയിൽ കുണ്ടറയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവ് കണ്ടെത്തിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



