വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്…

തിരുവനന്തപുരം: കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്. തൃശൂർ ടൈറ്റൻസിനെ പത്ത് റൺസിനാണ് റിപ്പിൾസ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ അർദ്ധസെഞ്ചുറിയുമായി ആലപ്പിയ്ക്ക് വിജയമൊരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോര്‍ ആലപ്പി റിപ്പിൾസ് – 20 ഓവറിൽ 193/8, തൃശൂർ ടൈറ്റൻസ് – 15 ഓവറിൽ 137/6 (വിജയലക്ഷ്യം: 148)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ആഞ്ഞടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ 50 കടന്നു. രണ്ടാം വിക്കറ്റിൽ 67 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 41 റൺസെടുത്ത സച്ചിൻ ബേബിയെ പുറത്താക്കി ബിജു നാരായണൻ കൂട്ടുകെട്ടിന് അവസാനമിട്ടെങ്കിലും ആലപ്പിയുടെ റണ്ണൊഴുക്ക് തടയാനായില്ല.
