ലഹരിക്കെതിരെ ‘തൂഫാൻ’… ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയമില്ലെന്ന്…

തൃശൂർ: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന് യാതൊരു രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന ‘മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള’ ശക്തമായ നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ സംഘടിപ്പിച്ച ‘തകൃതോണം’ കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽനിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽനിന്നും സഹോദരിമാരിൽ നിന്നുമാണെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതൽ നേരിട്ടറിയുന്നത് അവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും 76 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും നിരവധി കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തിയതായും മന്ത്രി വ്യക്തമാക്കി.

എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ രാസലഹരി കടന്നുവരുന്നത് തടയാനാകുമെന്ന നിശ്ചയദാർഢ്യം ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരായ സന്ദേശമുയർത്തി ‘തൂഫാൻ ഓണം’ ആയി ആചരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി. ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഓണമെന്നും നാടിന്റെ ഐക്യവും യോജിപ്പും പ്രകടിപ്പിക്കുന്ന ഈ ഉത്സവം വലിയ ദേശീയ ആഘോഷമാണെന്നും മന്ത്രി പറഞ്ഞു. മതേതരത്വത്തിന്റെ മഹാഭൂമിയായ കൊടുങ്ങല്ലൂരിൽ ജനങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാനായി അഞ്ച് ദിവസം നീളുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Back to top button