മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 16കാരന് ദാരുണാന്ത്യം

മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപം വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിൽ (16) ആണ് മരിച്ചത്. വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു ഷാമിൽ. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. മണ്ണാർമലയിൽവച്ച് ഷാമിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാമിൽ മരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.



