കുടുംബശ്രീ -കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം

മലപ്പുറം: കുടുംബശ്രീ, കില പദ്ധതികളിലെ കരാർ നിയമനങ്ങൾ ഒഴിവാക്കാൻ തദ്ദേശ വകുപ്പിന്റെ നീക്കം. കിലയിലെ കരാർ കാലാവധി കഴിഞ്ഞ 28 ജീവനക്കാരോട് പിരിഞ്ഞുപോകാൻ നിർദേശം നൽകി. എന്നാൽ നടപടി ചോദ്യം ചെയ്ത് ജീവനക്കാർ സ്റ്റേ നേടിയതോടെ നീക്കം പ്രതിസന്ധിയിലായി.30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ചില ജീവനക്കാർ അധികപ്പറ്റാണെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ജീവനക്കാരായി തുടരുന്നവരിൽ പലരും ജോലിക്ക് പ്രാപ്തരല്ലെന്നും വകുപ്പ് വിലയിരുത്തുന്നു.കുടുംബശ്രീയിലും കിലയിലുമുള്ള നിയമനങ്ങൾ സംബന്ധിച്ച് പരിശോധന ശക്തമാക്കാനാണ് തദ്ദേശ വകുപ്പിന്റെ നീക്കം. രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണം.അതിനിടെ, കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ.എം. ഷാജി, ‘അള്ളിപ്പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടും’ എന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് കരാർ ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികൾ ചർച്ചയാകുന്നത്.



