തലച്ചോറിനെയും യുവാക്കളെയും ഭയം… കേന്ദ്രത്തിനെതിരെ പ്രകാശ് രാജ്

തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ഡിവൈഎഫ്ഐയുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്ദറിൽ യുവാക്കളുടെ വീര്യവും സൗന്ദര്യവും കണ്ടുവെന്ന് പറഞ്ഞ പ്രകാശ് രാജ്, ഒടുവിൽ ഭരണകൂടത്തിന് തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിക്കേണ്ടിവന്നെന്നും പറഞ്ഞു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുവെന്നും ‘നിങ്ങളെ ഭയമില്ല’ എന്ന സന്ദേശമാണ് ജനങ്ങൾ നൽകുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ആദ്യമായി യുവാക്കൾ ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് പോലും വിറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം ചെയ്യാൻ കഴിയുന്ന സാഹചര്യമാണ്. സമരവേദികൾ മാറിയെന്നും സമരം ജന്തർ മന്ദറിൽ മാത്രം നടത്തേണ്ടതില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ ‘ബദൽ എന്ത്?’ എന്നതും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. 51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി ആകെ 615 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 21ന് വൈകിട്ട് അഞ്ചിന് നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button