‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’… രമേശ് ചെന്നിത്തല

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വീണാ ടി.ക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. “നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയം ആഭ്യന്തര വകുപ്പിന് മുൻപാകെ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീണാ ടി. ഉപയോഗിച്ചിരുന്ന സിം കാർഡ് ഡെസ്റ്റിനേഷൻ ടൂറിസം മാനേജർ നന്ദുലാലിന്റെ പേരിലായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സിം കാർഡ് എന്തിനാണ് ഉപയോഗിച്ചതെന്നതിൽ വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ നീക്കം. സിം എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നാണ് നന്ദുലാൽ ഇഡിക്ക് നൽകിയ മൊഴി. തന്നോട് സിം എടുത്തുനൽകാൻ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് സിം എടുത്തുനൽകുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. അനധികൃത ഇടപാടുകൾക്കായി ഇന്റർനെറ്റ് കോൾ നടത്തിയിരുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ആവശ്യത്തിനാണോ പ്രസ്തുത സിം കാർഡ് ഉപയോഗിച്ചിരുന്നതെന്നതും വിശദമായി പരിശോധിക്കുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നതെന്നും ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താൻ ഇഡി നീക്കം നടത്തുന്നുണ്ട്. റെയ്ഡിൽ ഉൾപ്പെട്ടവരെ അടുത്ത ആഴ്ച മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. വീണാ ടിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ലഹരിക്കേസുകളിൽ ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടിയ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാനിന് രാഷ്ട്രീയമില്ലെന്നും എല്ലാവർക്കും ഒരേ നിയമമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ആയാലും യൂത്ത് കോൺഗ്രസ് ആയാലും യൂത്ത് ലീഗ് ആയാലും ഒരേ രീതിയിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നോട് അടുപ്പമുള്ളവരാണെങ്കിലും പൊലീസ് ഒരേ രീതിയിലുള്ള ട്രീറ്റ്‌മെന്റ് മാത്രമേ നടത്തൂ എന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ഇടപെടലോ ശുപാർശയോ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ഒരു തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 76-ാം ദിവസമാണ് ഓപ്പറേഷൻ തൂഫാൻ പിന്നിടുന്നത്. ഈ കാലയളവിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നും ജനങ്ങൾ അത് കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




