രണ്ടാമത്തെ പെൺകുട്ടിക്ക് 6,000 രൂപ.. പ്രസവാനുകൂല്യത്തിന് ഇനി മുതൽ…

രണ്ടാമത്തെ പെൺകുട്ടിക്ക് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിഐ)യിൽ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി. ആനുകൂല്യം ലഭിക്കണമെങ്കിൽ കുട്ടിക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിനേഷൻ നിർബന്ധമാക്കുന്ന സർക്കുലർ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഹമ്മദ് ജുനൈദ് ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി കുട്ടിക്ക് വാക്‌സിനേഷൻ നൽകണമെന്ന് ആർക്കും നിർബന്ധിക്കാൻ കഴിയില്ലെന്നും എന്നാൽ പദ്ധതി ആനുകൂല്യം ലഭിക്കണമെങ്കിൽ എല്ലാവരും വ്യവസ്ഥകൾ പാലിക്കണമെന്നാണ് പറഞ്ഞത്. ‘തന്റെ കുട്ടിക്ക് വാക്‌സിനേഷൻ നൽകാൻ ആരും ഹർജിക്കാരനെ നിർബന്ധിക്കുന്നില്ല. എന്നാൽ വാക്‌സിനേഷൻ എടുക്കുന്നില്ലെങ്കിൽ, പിഎംഎംവിവൈ സ്‌കീമിന് കീഴിലുള്ള ആനുകൂല്യത്തിന് അപേക്ഷകന്റെ ഭാര്യക്ക് അർഹതയുണ്ടാകില്ല. ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വ്യവസ്ഥകൾ കർശനമായി പാലിക്കണം. പിഎംഎംവിവൈ സ്‌കീം വഴി ലഭിക്കേണ്ട ആനുകൂല്യം ആരുടെയും മൗലികാവകാശമില്ല, അതിനാൽ, യോഗ്യതാ വ്യവസ്ഥകൾ ഭരണഘടനാപരമായി അസാധുവായി കണക്കാക്കാനാവില്ല’ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.
2024 സെപ്റ്റംബർ 3-നാണ് ഹർജിക്കാരന്റെ ഭാര്യ രണ്ടാമത്തെ പെൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവാനുകൂല്യത്തിനായി സമീപിച്ചപ്പോഴാണ് കുട്ടിയുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ആനുകൂല്യം നൽകൂവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് ആനുകൂല്യത്തിന് വാക്‌സിനേഷൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.




