‘കുട്ടിസഖാവ്’ സിയാന് കൃത്യമായ ശിക്ഷണം വേണം… ഷെയറെന്റിങ് പഠിക്കണമെന്ന്…

ഇൻസ്റ്റഗ്രാമിൽ ‘കുട്ടിസഖാവ്’ എന്ന പേരിൽ വൈറലായ തിരൂർ സ്വദേശിയായ എട്ടുവയസുകാരൻ സിയാന് കൃത്യമായ ശിക്ഷണം നൽകണമെന്ന് എപി സമസ്ത വിദ്യാർഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമങ്ങളിൽ ‘വിൽക്കാൻ വെച്ചവരെ’ തിരുത്തണമെന്നും എസ്എസ്എഫിന്റെ മുഖമാസികയായ രിസാലയിലെ ലേഖനത്തിൽ പറയുന്നു. സിയാൻ കുട്ടിയാണെന്നും എട്ടുവയസ്സ് മാത്രമാണ് പ്രായമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാനുള്ള പ്രായമല്ല കുട്ടിയുടേത്. ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും ഒരു കുട്ടിയുടെ വ്യവഹാരവിഷയമല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയും രിസാലയിലെ ലേഖനം കടുത്ത വിമർശനം ഉന്നയിക്കുന്നു. മോണോ ആക്ടും ഫാൻസി ഡ്രസും ഉൾപ്പെടെയുള്ള കുട്ടികളുടെ പ്രകടനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളോടുള്ള അനീതിയാണെന്നും ലേഖനം പറയുന്നു. സിയാന്റെ സാമൂഹികമാധ്യമ ഇടപെടലുകളിലെ ‘അകാല മുതിർച്ച’ പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും കൃത്യമായ ശിക്ഷണത്തിലൂടെ സിയാൻ കുട്ടിയായി തുടരേണ്ടതുണ്ടെന്നും ലേഖനം അഭിപ്രായപ്പെടുന്നു. മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തുകാണുമ്പോൾ കൗതുകം തോന്നിയേക്കാം. എന്നാൽ അത് കുട്ടിയെ നവമാധ്യമങ്ങളിൽ പ്രദർശനവസ്തുവാക്കുന്നതിലേക്ക് മാറരുതെന്നും ലേഖനത്തിൽ പറയുന്നു. സിയാനെ ആഘോഷിച്ച സാഹിത്യകാരൻ അശോകൻ ചെരുവിൽ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അർഥം പഠിക്കണമെന്ന വിമർശനവും ലേഖനം ഉന്നയിക്കുന്നു. ‘Sharing’, ‘Parenting’ എന്നീ വാക്കുകളിൽനിന്ന് രൂപപ്പെട്ട ‘Share­nting’ എന്നത് മാതാപിതാക്കൾ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വ്യക്തിപരമായ വിവരങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്ന പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. കുട്ടിയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഇത് ചില സാഹചര്യങ്ങളിൽ ഭീഷണിയാകാമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇൻസ്റ്റഗ്രാം മെറ്റയുടെ ഉടമസ്ഥതയിലുള്ള കച്ചവട പ്ലാറ്റ്ഫോമാണെന്നും കുട്ടികളുടെ ഉപയോഗത്തിന് അവിടെ നിയന്ത്രണങ്ങളുണ്ടെന്നും ലേഖനത്തിൽ പറയുന്നു. സിയാന്റെ അക്കൗണ്ട് നീക്കം ചെയ്തത് മെറ്റയുടെ തീരുമാനമാണെന്നും മുതിർന്നവർ കുട്ടിയെ വേദനിപ്പിക്കാതെ ഇക്കാര്യം പറഞ്ഞുമനസിലാക്കണമെന്നും ലേഖനം അഭിപ്രായപ്പെടുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള കണ്ടന്റ് നിർമാണം പല രാജ്യങ്ങളിലും ഗൗരവമായി പരിഗണിക്കപ്പെടുന്ന വിഷയമാണെന്നും ലേഖനം പറയുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള കണ്ടന്റ് നിർമാണത്തിന് നിയന്ത്രണങ്ങളുണ്ടെന്നും രക്ഷിതാക്കളുടെ മേൽനോട്ടം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത സംഭവത്തെയും ഇതുമായി ബന്ധപ്പെടുത്തി ലേഖനം ചോദ്യം ഉന്നയിക്കുന്നു. ‘സിയാന്റെ അക്കൗണ്ട് പോയ വഴി മനസിലായല്ലോ?’ എന്ന പരാമർശത്തോടെയാണ് ലേഖനം ഈ വിഷയം അവതരിപ്പിക്കുന്നത്.

Related Articles

Back to top button