ദേവനെ അനുനയിപ്പിക്കാൻ ബിജെപി; സുരേഷ് ഗോപി..

ബിജെപിയിൽനിന്ന് രാജി പ്രഖ്യാപിച്ച നടൻ ദേവനെ പാർട്ടിയിൽ തുടരാൻ പ്രേരിപ്പിക്കാൻ നേതൃത്വത്തിന്റെ നീക്കം സജീവം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ദേവനുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര നേതാക്കളുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.

എന്നാൽ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ദേവൻ സ്വീകരിച്ചത്. ഇന്നലെയും സുരേഷ് ഗോപി ദേവനുമായി ബന്ധപ്പെടാൻ ശ്രമിച്ചതായാണ് സൂചന. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലെ ചിലരും ദേവനുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ മധ്യസ്ഥ ചർച്ചകൾ നടത്തിയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ ദേവൻ തയാറായിട്ടില്ല.

രാജി പ്രഖ്യാപിച്ച ദിവസം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദേവനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. തുടർന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് ദേവനുമായി ബന്ധപ്പെടുകയും സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ ദേവൻ തയാറായില്ല.

കഴിഞ്ഞ നാല് മാസമായി രാജീവ് ചന്ദ്രശേഖറിനെ ഫോണിലും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് ബിജെപി വിട്ടതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞിരുന്നു.

അതേസമയം, രാജി പ്രഖ്യാപനം നടത്തിയ ദിവസം ആലപ്പുഴയിലുണ്ടായിരുന്ന ബിജെപിയുടെ മൂന്ന് കേന്ദ്ര നേതാക്കൾ ദേവനുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. പിന്നീട് ദേവൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയും നേതാക്കൾ അനുനയ നീക്കം നടത്തി. രാജി തീരുമാനം പുനഃപരിശോധിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് നേതാക്കൾ ഉറപ്പുനൽകിയതായാണ് വിവരം.

രാജി പ്രഖ്യാപിച്ചെങ്കിലും ദേവൻ ഇതുവരെ ഔദ്യോഗിക രാജിക്കത്ത് നൽകിയിട്ടില്ല. വ്യക്തിപരമായ ചില തിരക്കുകളാണ് വൈകാൻ കാരണമെന്ന് ദേവൻ വ്യക്തമാക്കി. ഇന്നോ നാളെയോ രാജിക്കത്ത് ഇ-മെയിൽ വഴി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button