പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനും ബോർഡ് അംഗം അജികുമാറിനും എതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പ്രോസിക്യൂഷൻ. സ്മാർട്ട് ക്രിയേഷൻസിന് സ്വർണം പൂശാനുളള അനുമതി നൽകാൻ തീരുമാനിച്ച അതെ ദിവസം തന്നെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിഡിആർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബോർഡ് യോഗം ചേരുന്നതിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്‌സാപ്പിൽ ബന്ധപ്പെട്ടതിന്റെ തെളിവും ഹാജരാക്കി. അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവും കോടതിയിൽ സമർപ്പിച്ചു.

അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീടുവെച്ചു നൽകിയെന്നും വീടുകളുടെ താക്കോൽദാന കർമത്തിൽ അജികുമാറും പോറ്റിയും സംബന്ധിച്ചെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ പോറ്റി അപേക്ഷ നൽകിയത് മറ്റൊരാളുടെ ഇമെയിൽ നിന്നാണെന്നും അപേക്ഷ സമർപ്പിച്ചത് ബോർഡ് തീരുമാനമെടുത്തതിന്റെ അടുത്ത ദിവസമാണെന്നും തെളിവ് ഹാജരാക്കി.

ജൂലൈ 23-ാം തീയതിയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയിൽ എടുക്കുകയും പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ൽ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.

2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയെന്നും എസ്ഐടി പറഞ്ഞിരുന്നു.

Related Articles

Back to top button