വന്ദേമാതരത്തിന് പകരം സിനിമാഗാനം.. വിവാദം

താനെ: മഹാരാഷ്ട്രയിലെ താനെയിൽ സർക്കാർ ഔദ്യോഗിക ചടങ്ങിനിടെ വന്ദേമാതരത്തിന് പകരം ബോളിവുഡ് സിനിമയിലെ ഗാനം പ്ലേ ചെയ്തത് വിവാദമായി. ബാലാസാഹേബ് താക്കറെ മറാത്തി ഭാഷാ പാഠ്യപദ്ധതി കാമ്പെയ്നിന്റെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിലാണ് വീഴ്ച സംഭവിച്ചത്. വന്ദേമാതരത്തിനായി സദസ്സിലുള്ളവരോട് എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ലതാ മങ്കേഷ്കർ ആലപിച്ച, ‘പുകാർ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘വന്ദേമാതരം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്ലേ ചെയ്തത്. ഏകദേശം നാല് മിനിറ്റോളം ഗാനം തുടർന്നപ്പോൾ വേദിയിലുണ്ടായിരുന്നവരും സദസ്സിലുള്ളവരും ആദരസൂചകമായി എഴുന്നേറ്റുനിന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വലിയ ചർച്ചയായത്. ഗാനം തെറ്റായി പ്ലേ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടും ഉടൻ ഇടപെടൽ ഉണ്ടായില്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
സംഭവത്തിൽ വേദിയിൽവച്ച് തന്നെ ഏക്നാഥ് ഷിൻഡെ ഖേദം പ്രകടിപ്പിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സംഘാടകർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. പാർലമെന്റ് അംഗീകരിച്ച വന്ദേമാതരത്തിന്റെ ശരിയായ പതിപ്പ് മാത്രമാണ് ചടങ്ങുകളിൽ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കർശന നിർദേശം നൽകി. ഇത്തരം അനാസ്ഥകൾ ദേശീയ ഗീതത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി.
വന്ദേമാതരത്തെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയവാക്പോർ തുടരുന്നതിനിടെയാണ് താനെയിലെ സംഭവം. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ എട്ട് വരികൾക്കുശേഷവും ഗാനം തുടർന്നതിനെ തുടർന്ന് സോണിയ ഗാന്ധി അത് നിർത്താൻ ആവശ്യപ്പെട്ട സംഭവമാണ് ബിജെപി വിമർശിച്ചത്. ദേശീയഗീതത്തെ കോൺഗ്രസ് അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
രാജസ്ഥാനിലും സ്വാതന്ത്ര്യദിനത്തിൽ സമാനമായ വീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ബാഡി ചൗപഡിൽ നടന്ന ചടങ്ങിൽ ദേശീയഗീതത്തിന് പകരം ലതാ മങ്കേഷ്കർ ആലപിച്ച ‘ആനന്ദ് മഠ്’ സിനിമയിലെ ഗാനമാണ് പ്ലേ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോർ ദേശീയപതാക ഉയർത്തിയ ചടങ്ങിലായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് ജയ്പുർ നഗരസഭ ശബ്ദസംവിധാനം ഒരുക്കിയ ഏജൻസിയുടെ തുക തടഞ്ഞുവയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങൾ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.




