വിഴിഞ്ഞത്ത് പുതിയ നാഴികക്കല്ല്; രാജ്യാന്തര തുറമുഖത്ത് എക്സിം ചരക്ക് നീക്കത്തിന് തുടക്കം

തിരുവനന്തപുരം: പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. തുറമുഖത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. വിഴിഞ്ഞം തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമായി മാറിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഒന്നാംനിര ഓട്ടോമേറ്റഡ് സംവിധാനമാണ് വിഴിഞ്ഞത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ റെയിൽ-റോഡ് കണക്റ്റിവിറ്റി കൂടി പൂർത്തിയാക്കിയിരുന്നെങ്കിൽ വിഴിഞ്ഞത്തിന്റെ സാധ്യതകൾ നൂറിരട്ടിയായി പ്രയോജനപ്പെടുത്താമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക് കയറ്റി അയക്കുന്നതിന് സർക്കാർ ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ അഭിമാനപദ്ധതിയായ ‘മിഷൻ സമുദ്ര’ യും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലയിൽ വലിയ വളർച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം വഴിയുള്ള എക്സിം ചരക്ക് നീക്കം വ്യാപാര-വ്യവസായ വളർച്ചയ്ക്കൊപ്പം സാധാരണക്കാരുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കുള്ള റോഡ് കണക്റ്റിവിറ്റി ശക്തമാകുന്നതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകൾ കൂടുതൽ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചടങ്ങിൽ മുഖ്യാതിഥിയാകേണ്ടിയിരുന്ന കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.



