എഴുകുംവയൽ ഇരട്ടക്കൊല: പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ്… അമ്മയെ അന്വേഷിച്ച് പ്രതി

ഇടുക്കി: എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി പൊലീസ്. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് അജീഷ്. ‘എല്ലാം കള്ളം, തനിക്കുള്ള പണിയാണെന്നും’ അജീഷ് പ്രതികരിച്ചതായാണ് വിവരം. എഴുകുംവയൽ പാറത്തറയിൽ ആന്റണിയെയും ഭാര്യ വത്സമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഇരുവരെയും ദൈവസന്നിധിയിലേക്ക് അയച്ചുവെന്നാണ് കൊലപാതകത്തിന് പിന്നാലെ അജീഷ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.

ഒരാഴ്ച മുമ്പാണ് അജീഷ് ഡി-അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും ലഹരി ഉപയോഗം തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഇത് മാതാപിതാക്കൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആന്റണിയെയും വത്സമ്മയെയും കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടത്തിയ ശേഷം കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള വൈദികന് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണ്.

Related Articles

Back to top button