കൂട്ടിലടച്ച് പ്രതിഷേധം.. സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ നിരാഹാര സമരം. സാമൂഹിക പ്രവർത്തകനും മൃഗസ്നേഹിയുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 11ന് സമരം ആരംഭിക്കുന്നത്. കേരളത്തിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മൃഗസ്നേഹികൾ പ്രതിഷേധത്തിൽ പങ്കെടുക്കും.

മനുഷ്യരുടെ ആവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുകയും കൂട്ടിലടയ്ക്കുകയും വിവിധ രീതികളിൽ ഉപയോഗിക്കുകയും കൊല്ലുകയും ചെയ്യുന്ന വ്യവസ്ഥകൾ അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മൃഗങ്ങളുടെ ദുരിതം തടയുന്നതിന് ശക്തമായ നിയമപരവും ഭരണഘടനാപരവുമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി മൃഗചൂഷണത്തിനെതിരായ സന്ദേശം പൊതുജനങ്ങളിലെത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. മനുഷ്യനിയന്ത്രിത വ്യവസായങ്ങളിൽ മൃഗങ്ങൾ അനുഭവിക്കുന്ന ബന്ധനവും സ്വാതന്ത്ര്യനിഷേധവും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുന്നതിനായി നാല് പ്രവർത്തകർ കൂടുകൾക്കുള്ളിലിരുന്ന് ഏഴുദിവസം തുടർച്ചയായി നിരാഹാര സമരം നടത്തും.

മൃഗങ്ങളുടെ ദുരിതം തടയുന്നതിനും മൃഗചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള നിയമപരവും ഭരണഘടനാപരവുമായ നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിഷേധത്തിൽ പങ്കുചേരാനും പിന്തുണ നൽകാനും സംഘാടകർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇതേ കൂട്ടായ്മ മുമ്പും സെക്രട്ടേറിയറ്റിന് മുന്നിൽ സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button