തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ വിലക്ക്: ഡിവൈഎഫ്ഐക്ക് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്

തേക്കിൻകാട് മൈതാനി രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് വിട്ടുനൽകരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുയോഗം നടത്താൻ നൽകിയ അപേക്ഷ കൊച്ചിൻ ദേവസ്വം ബോർഡ് നിരാകരിച്ചു. മൈതാനി വിട്ടുനൽകാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയതോടെ സമ്മേളനത്തിന്റെ പൊതുവേദി അരണാട്ടുകരയിലെ നേതാജി ഗ്രൗണ്ടിലേക്ക് മാറ്റിയതായി സിപിഎം നേതൃത്വം അറിയിച്ചു.
സിപിഎം ഭരണസമിതി നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം ബോർഡിനെ ഹൈക്കോടതി ഉത്തരവ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. വിഷയത്തിൽ തൃശൂരിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, ഹൈന്ദവ സംഘടനകളുടെ യോഗം ബോർഡ് വിളിച്ചുചേർത്തെങ്കിലും ഇരുവിഭാഗങ്ങളും രണ്ട് തട്ടിലായ നിലപാടാണ് സ്വീകരിച്ചത്. വടക്കുംനാഥൻ ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിൻകാട് മൈതാനം വർഷങ്ങളായി ഒരു തുറന്ന പൊതു ഇടമായി തുടരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ യോഗങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാണ് രാഷ്ട്രീയ സംഘടനകളുടെ ആവശ്യം.
ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ എത്തിയ ആദ്യ അപേക്ഷ തന്നെ ഡിവൈഎഫ്ഐയുടേതായത് ദേവസ്വം ബോർഡിന് വലിയ വെല്ലുവിളിയായി. എന്നാൽ നിലവിലെ കോടതി ഉത്തരവിൽ ഭേദഗതിയോ സ്റ്റേയോ ഇല്ലാത്ത സാഹചര്യത്തിൽ നിർദ്ദേശം ലംഘിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബോർഡ് അനുമതി നിഷേധിച്ചത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യവും ദേവസ്വം ബോർഡ് സജീവമായി പരിഗണിക്കുന്നുണ്ട്. മൈതാനിയിലെ രാഷ്ട്രീയ പരിപാടികൾക്ക് വിലക്കുണ്ടെങ്കിലും ഔദ്യോഗിക പരിപാടികൾക്ക് തടസ്സമില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ പ്രധാന ചടങ്ങുകൾ തേക്കിൻകാട് മൈതാനിയിൽ നടക്കും. ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തുകയും സായുധ സേനയുടെയും സ്കൗട്ട്-എൻ.സി.സി കേഡറ്റുകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും.




