സ്കൂളുകളിൽ വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ….

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന സർക്കാർ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിർദേശം തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും സ്കൂളുകൾക്ക് കൈമാറിയത്.
വന്ദേമാതരം വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതെ സസ്പെൻസ് തുടരുന്നതിനിടെയാണ് സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ഗാനം ഒഴിവാക്കുന്നത്. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറാണ് നേരത്തെ വിവാദമായത്. സർക്കുലർ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം പാടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിർദേശം. അതേസമയം, ലോക്ഭവനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായും പാടും. ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് കാരണം ലോക്ഭവന്റെ നിർദേശമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം നേരത്തെ വിവാദമായിരുന്നു. എന്നാൽ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്.



