‘കേസ് കാണിച്ച് വിരട്ടരുത്’…. പൊലീസിനെതിരായ പ്രസംഗത്തിൽ ഉറച്ച് കെ.പി. ഉദയഭാനു

പത്തനംതിട്ട: പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. തനിക്കെതിരായ കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഉദയഭാനു വ്യക്തമാക്കി. ‘അടിയന്തരാവസ്ഥ നേരിട്ടവരാണ്, കേസ് കാണിച്ച് ഞങ്ങളെ വിരട്ടരുത്’ എന്നായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം. പാവപ്പെട്ടവരുടെ വീടുകളിൽ പൊലീസ് ഇരച്ചുകയറുകയാണെന്നും കിടപ്പുമുറികളിൽ പോലും പൊലീസ് അതിക്രമിച്ച് കയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാവപ്പെട്ടവർക്ക് മനുഷ്യാവകാശമില്ലേയെന്നും ഉദയഭാനു ചോദിച്ചു. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി പത്തനംതിട്ട കാട്ടാമലയിലെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഉദയഭാനുവിന്റെ വിവാദ പ്രസംഗം. സംഭവത്തിൽ ഉദയഭാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും ഉദയഭാനു പറഞ്ഞു. ‘പൊലീസുകാർക്കും അമ്മയും പെങ്ങൻമാരുമില്ലേ’ എന്ന് ചോദിച്ചതിൽ സ്ത്രീവിരുദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ഭരണകൂട ഭീകരതയ്ക്കെതിരെയാണ് ഉദയഭാനു പ്രതികരിച്ചതെന്ന് രാജു എബ്രഹാം പറഞ്ഞു. മല്ലപ്പള്ളിയിൽ പൊലീസ് സെർച്ച് വാറണ്ടില്ലാതെ വീടുകളിൽ കടന്നുകയറിയെന്നും ഒരു പെൺകുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. വീട് പൊളിച്ച് അകത്ത് കടന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.

Related Articles

Back to top button