കോഴിക്കോട് യുവതി കൊലക്കേസ്.. ജാമ്യത്തിലിറങ്ങിയ പ്രതിയെ….

കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതിയെ ചേവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്. വ്യാഴാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.

മാളിക്കടവിലെ സ്വന്തം വർക്‌ഷോപ്പിലേക്ക് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് വൈശാഖനെതിരായ കേസ്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ജനുവരി 24നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 16-ാം വയസ്സുമുതൽ വൈശാഖനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോട് യുവതി പറയുമെന്ന ഭയത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വർക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് സ്റ്റൂൾ തട്ടിമാറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തൂങ്ങിനിന്ന സമയത്തും പിന്നീട് കെട്ടഴിച്ച് കിടത്തിയപ്പോഴും മൃതദേഹത്തെ പ്രതി പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവുകൾ.

യുവതിയുടെ മരണം ഭാര്യയെ ഫോണിൽ അറിയിച്ച ശേഷം പ്രതി അവർക്കൊപ്പമാണ് കാറിൽ മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ആർ. രഞ്ജിത്ത് ഏപ്രിൽ 29ന് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ വൈശാഖനെതിരെ 490 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിന് നാല് ദിവസം മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്. യുവതിയെ ചെറുപ്രായത്തിൽ തന്നെ ഇയാൾ പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. സംഭവം ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആ കേസിൽ ചേവായൂർ പൊലീസാണ് തുടർനടപടികൾ സ്വീകരിച്ചത്. മരിച്ച വൈശാഖന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button