മിൽമ നെയ്യ് ഇടപാടിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശബരിമല സന്നിധാനത്തേക്ക് പമ്പയിൽനിന്ന് ട്രാക്ടറിൽ നെയ്യ് കൊണ്ടുപോയതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാകാതെ ദേവസ്വം ബോർഡ്. തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിയതായി ലെഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് അനുബന്ധമായി സൂക്ഷിക്കേണ്ട രേഖകളൊന്നും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ എസ്.ഐ.ടി. അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തീർഥാടന സീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് നെയ്യ് വാങ്ങിയത്. ആകെ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ. എന്നാൽ പമ്പയിലെ ലെഡ്ജർ പരിശോധിച്ചപ്പോൾ 1.61 ലക്ഷം ലിറ്റർ നെയ്യ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ലെഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് മാത്രമുപയോഗിച്ച് നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയെന്ന് സ്ഥിരീകരിക്കാനാകുമോ എന്നതിലാണ് ഇപ്പോഴത്തെ അന്വേഷണം.



