സ്ത്രീകളുടെ പ്രിയദർശിനി സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം; കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 6 പേർക്കെതിരെ നടപടി

സർക്കാരിന്റെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമം. സംഭവത്തിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സർക്കാർ പദ്ധതിക്കെതിരെ യാത്രക്കാരിൽ ആശങ്കയുണ്ടാക്കാനും ശ്രമിച്ചെന്നാണ് പരാതി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് നിലവിൽ നടപടി സ്വീകരിച്ചത്.

യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന തരത്തിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന പ്രചാരണം നടത്തുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായും പരാതിയുണ്ട്. കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ ​വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി പ്രഖ്യാപിച്ചത്.

ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. ​സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ​ഷാജികുമാർ (കണ്ടക്ടർ), ​മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ എൽ (കണ്ടക്ടർ), ​ദീപക് (കണ്ടക്ടർ), ​രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.

​ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം ജീവനക്കാർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നാണ് കെഎസ്ആർടിസി നിലപാട്. അതേസമയം പ്രതിപക്ഷ യൂണിയനിലെ പ്രവർത്തകരായ ജീവനക്കാർക്കെതിരായ നടപടിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ട്.

സംഭവം ജനങ്ങൾക്കിടയിലും ചർച്ചയായിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പരിശോധനയും വകുപ്പുതല നടപടികളും തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.

Related Articles

Back to top button