പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ…

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച രാവിലെ 11.30ന് മുമ്പ് അർജുൻ ആയങ്കിയെ കോടതിയിൽ തിരിച്ചെത്തിക്കണമെന്നാണ് നിർദേശം. അതേസമയം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു.
ഊന്നുകല്ല് സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം. കസ്റ്റഡിയിൽ ലഭിച്ച അർജുൻ ആയങ്കിയെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കേസിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. കസ്റ്റഡി അപേക്ഷയിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഫോണിന്റെ ഐഎംഇഐ നമ്പർ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളാണ് പൊലീസ് പരിഗണിക്കുന്നത്. എന്നാൽ കാപ്പ ചുമത്തുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കാനുള്ള സാധ്യത തടയാനുള്ള നീക്കവും പൊലീസ് നടത്തുമെന്നാണ് വിവരം.
കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഞായറാഴ്ച അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത്തെ പൊലീസ് കസ്റ്റഡി കാലയളവിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.



