മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം.. കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെയും സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മുൻ സർക്കാരും സ്പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കായികവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.

റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതാണെന്നും സർക്കാർ തലത്തിൽ കൂടുതൽ വിശദമായ ചർച്ച നടത്തിയ ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. ചില വിഷയങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജനീഷ് പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുമാത്രമേ പ്രമുഖ താരങ്ങൾക്ക് കേരളത്തിൽ കളിക്കാനാകൂ. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള മുൻ നടപടികളിൽ സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കായികമന്ത്രിക്ക് ലഭിച്ച ഒരു ഇ-മെയിലിൽ നിന്നാണ് മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ സർക്കാർ നടപടിക്രമങ്ങൾ ഇത്തരത്തിലാണോ ആരംഭിക്കേണ്ടിയിരുന്നതെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനേക്കാൾ കേരളത്തിൽനിന്ന് പുതിയ മെസ്സിമാരെ വാർത്തെടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കായികമന്ത്രി കൂട്ടിച്ചേർത്തു.

മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ മുൻ സർക്കാരിന്റെ കാലത്ത് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ പണം നൽകിയതിന്റെയോ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തുക കൈപ്പറ്റിയതിന്റെയോ രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസിനെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉൾപ്പെടുത്തി കൂടുതൽ അന്വേഷണം നടത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്താണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. തുടർനടപടികൾക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളാണ് ഇനി നിർണായകം.

Related Articles

Back to top button