ആലപ്പുഴയിലെ ‘മായാ ബസാർ’, മോഷണം പോയ സ്കൂട്ടറിന്റെ ഭാഗങ്ങൾ കിട്ടിയതോടെ പെട്ടു

ആലപ്പുഴ: നഗരത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് മണ്ണഞ്ചേരിയിലെത്തിച്ച് പൊളിച്ച് ഭാഗങ്ങളാക്കി വില്പന നടത്തുന്ന സംഘം പൊലീസ് പിടിയിൽ. മണ്ണഞ്ചേരിയിലുള്ള ‘മായാ ബസാർ’ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഉടമയുടെ മകനടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. സ്ഥാപ ഉടമ അമീർ ഒളിവിൽ പോയി. ഉടമയുടെ മകൻ അൽഫാസ്, പാതിരപ്പള്ളി പുന്നയ്ക്കൽ ബിനു, വട്ടയാൽ ഇല്ലിയ്ക്കൽ പുരയിടം അബ്ദുൾ സലാം എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസും ആലപ്പുഴ സൗത്ത് പൊലീസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ കെഎസ്ആർടിസി ഭാഗത്തുവച്ച് കഴിഞ്ഞ ദിവസം കാണാതായ സ്കൂട്ടറിനെക്കുറിച്ചുള്ള അന്വേഷണമാണ് സംഘത്തിലേക്ക് എത്തിയത്. പരിശോധനയിൽ മോഷണംപോയ സ്കൂട്ടറിന്റെ ഭാഗങ്ങൾ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തു. മോഷണ വാഹനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിസ്സാര തുകയ്ക്കാണ് അമീർ ഇവ വാങ്ങിയിരുന്നത്. സെക്കൻഡ് ഹാൻഡ് പാർട്സുകൾ വിൽക്കുന്ന മായാ ബസാറിന്റെ മറവിലായിരുന്നു തട്ടിപ്പ്. വാങ്ങുന്ന വാഹനങ്ങൾ നിമിഷനേരംകൊണ്ട് പൊളിച്ചുമാറ്റാൻ ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്.
ആലപ്പുഴയിൽനിന്ന് കാണാതായ വാഹനങ്ങളുടെ പട്ടികയെടുത്ത് സ്ഥാപനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എസ് വിനീഷ് അറിയിച്ചു. പൊലീസ് സംഘത്തിൽ സൗത്ത് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ അനന്തകൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ റിച്ചാർഡ് ജെയിംസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രതീഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു വി ജി, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ജി, ഡെവിൻ ചന്ദ്, നിഗിൽ എന്നിവരുമുണ്ടായിരുന്നു.



